Saturday 20 March 2010

ആദ്യ പ്രണയം...

1990 നവംബര്‍ 1. അന്നായിരുന്നു അവള്‍ ആദ്യമായി ക്ലാസ്സില്‍ വന്നത്. നീണ്ടു മെലിഞ്ഞ, ഗോതമ്പിന്റെ നിറമുള്ള (‘വീറ്റിഷ് കോം‌പ്ലക്‍ഷന്‍’ എന്ന് ആധുനിക മലയാളിയുടെ “മാതൃഭാഷ”യില്‍ പറയുന്നതു പോലെ) ഒരു കൊച്ചു സുന്ദരിക്കുട്ടി - ഒരു ‘സ്ലിം ബ്യുട്ടി’. ഒന്നു കണ്ടാല്‍ത്തന്നെ ആര്‍ക്കും ഒന്ന് ഓമനിക്കാന്‍ തോന്നിപ്പോകും ആ സുന്ദരിയെ. 8D-യില്‍ ഞങ്ങളെ മാത്‌സ് പഠിപ്പിച്ചിരുന്ന ബെന്നി മാഷായിരുന്നു അവളെ ക്ലാസ്സില്‍ കൂട്ടിക്കൊണ്ടു വന്നതും ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിത്തന്നതും.

പരിചയപ്പെട്ട ആദ്യ നാളുകളില്‍ എന്റെ സ്വഭാവത്തിന്റെ പ്രത്യേകത കൊണ്ടാവാം, അവളുമായി ഒരല്പം അകല്‍ച്ച പാലിക്കാനാണ് തോന്നിയത്. എങ്കിലും പ്രഥമ ദര്‍ശനത്തില്‍ത്തന്നെ ഏതോ ഒരു അഭൌമ ശക്തി എന്നെ അവളിലേക്ക് അടുപ്പിക്കുന്നോ എന്നും തോന്നാതിരുന്നില്ല - ‘മുജ്ജന്മ ബന്ധം’ എന്നൊക്കെ പറയുന്നത് ഇതുപോലെ വല്ലതിനെയുമാണോ ആവോ? കൂട്ടുകാരെന്നു പറയാന്‍ കാര്യമായി ആരും ഇല്ലാതിരുന്ന എനിക്ക് വരും ദിവസങ്ങളില്‍ നല്ല ഒരു കൂട്ടുകാരിയായിരിക്കും അവള്‍ എന്ന് ഒരു തോന്നല്‍...

ആദ്യമായി ക്ലാസ്സില്‍ വന്നു കയറിയ ദിവസം മുതല്‍ എന്നും മുടങ്ങാതെ കൃത്യസമയത്ത് ക്ലാസ്സില്‍ എത്തുമായിരുന്ന അവളോട് തോന്നിയ വികാരത്തില്‍ സ്നേഹത്തേക്കാളേറെ ബഹുമാനമായിരുന്നോ? അറിയില്ല. ബെന്നി മാഷിന്റെ ‘പെറ്റ്’ ആയ അവളോട് അല്പമെങ്കിലും ബഹുമാനം നിലനിര്‍ത്തുന്നതാണ് ‘ബുദ്ധി‘യെന്ന് തിരിച്ചറിയാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട, ‘ആള്‍ താമസ’മുള്ള ഏതു ‘തല’യ്ക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ.

പരിചയപ്പെട്ട ആദ്യ നാളുകളില്‍ ഞാന്‍ അവളോട് സംസാരിച്ചതേയില്ല. (സ്വഭാവം അറിയാതെ ഇടിച്ചു കയറിച്ചെന്ന് മുട്ടി വെറുതെ തടി കേടാക്കണ്ടല്ലോ?!) ഏഴാം ദിവസമാണ് ഞാന്‍ അവളോട് ആദ്യമായി സ്വതന്ത്രമായി സംസാരിച്ചത്. പരിചയപ്പെടലിന്റെ ഔപചാരികതകളില്ലാത്ത ആദ്യ സല്ലാപം. ഏതാനും നിമിഷങ്ങള്‍ കൊണ്ടുതന്നെ അവളെ എനിക്ക് വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു. പരിചയം സൌഹൃദമായി വളരാന്‍ ഏറെയൊന്നും താമസമുണ്ടായില്ല. എന്നെ ഏറെ സ്നേഹിക്കുന്ന ഏറ്റവും അടുത്ത നല്ല കൂട്ടുകാരിയായി മാറുകയായിരുന്നു അവള്‍. പിന്നീടങ്ങോട്ട് വാചാലമായ മൌനത്തിലൂടെ ഞങ്ങള്‍ ആരുമറിയാതെ പതിവായി സല്ലാപങ്ങളിലേര്‍പ്പെട്ടു പോന്നു. മറവി കൊണ്ടും അശ്രദ്ധ കൊണ്ടും അപൂര്‍വം ചിലപ്പോള്‍ വികൃതി കൊണ്ടും ചെയ്യാറുണ്ടായിരുന്ന കൊച്ചുകൊച്ചു തെറ്റുകളില്‍ നിന്ന് സ്നേഹപൂര്‍ണമായ ശാസനയോടെ എന്നെ നേര്‍ വഴിയിലേക്ക് നയിക്കുന്നത് അവള്‍ സ്വന്തം കര്‍ത്തവ്യമായി സ്വീകരിച്ചിരുന്നുവെന്ന് തോന്നിയിരുന്നു ചിലപ്പോള്‍. സ്കൂള്‍ ജീവിതത്തില്‍ ആദ്യമായി ക്ലാസ്സില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്‍‌തള്ളപ്പെട്ടിരുന്ന എനിക്ക് ‘അവകാശ’പ്പെട്ട ഒന്നാം സ്ഥാനം തിരിച്ചു പിടിക്കണമെന്ന വാശി ഉള്ളില്‍ പൂര്‍വാധികം ജ്വലിപ്പിച്ചതും അവള്‍ തന്നെ.

*******

ദിവസങ്ങള്‍ ആഴ്ചകളും മാസങ്ങളുമായി വളര്‍ന്നു.  അര്‍ദ്ധവാര്‍ഷിക പരീക്ഷയില്‍ മികച്ച പ്രകടനം  പുറത്തെടുത്ത് രാഹുലിനെ പിന്‍‌തള്ളി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതോടെ അവളുമായുള്ള അടുപ്പം ദൃഢതരമാകുകയായിരുന്നു. അടക്കി നിര്‍ത്താനാവാത്ത ഒരു ആവേശം പോലെ. ഒരു ദിവസം കണ്ടില്ലെങ്കില്‍, മൌനമായെങ്കിലും ‘സംസാരിച്ചില്ലെ’ങ്കില്‍ മനസ്സ് അസ്വസ്ഥമാകുന്നതു പോലെ... ആദ്യ പ്രണയത്തിന്റെ ആകുലതകള്‍? ഇടയ്ക്ക് വല്ലാതെ സ്നേഹം തോന്നുന്ന ചില അത്യപൂര്‍വ നിമിഷങ്ങളില്‍ അവള്‍ കൈവെള്ളയില്‍ പ്രണയസമ്മാനമെന്നോണം അര്‍പ്പിക്കാറുള്ള ചെറു ചുംബനങ്ങള്‍ പതുക്കെ ഒരു ലഹരിയായി മാറുന്നത് തിരിച്ചറിയാന്‍ വൈകിയില്ല. ആഴ്ചയില്‍ ഒന്നു രണ്ടു തവണയെങ്കിലും ആ സ്നേഹചുംബനങ്ങള്‍ ഏറ്റുവാങ്ങാതെ ‘ഉറക്കം വരില്ലെ’ന്ന അവസ്ഥ. എന്റെ ‘ദൌര്‍ബല്യം’ തിരിച്ചറിഞ്ഞിട്ടോ എന്തോ, അവള്‍ സന്തോഷപൂര്‍വം സഹകരിക്കുന്നതും പതിവായി.

1991 ജനുവരി 15. സമയം 12.10. ഉച്ചയ്ക്കു മുന്‍പുള്ള അവസാന‍ പിരിയഡ് മാത്‌സാണ്. ബെന്നി മാഷിന്റെ നാല്‍പ്പതു മിനിറ്റ്. പതിവു പോലെ ക്ലാസ്സിലെത്തിയ സാര്‍ മുഖവുരയൊന്നുമില്ലാതെ നേരെ കാര്യപരിപാടികളിലേക്കു കടന്നു. ആദ്യം ‘ചോദ്യോത്തര വേള’യാണ്. ‘ചോദ്യോത്തരം’ എന്ന് പറയുന്നുണ്ടെങ്കിലും മിക്കപ്പോഴും സാറിന്റെ ചോദ്യങ്ങളുടെ മഹാപ്രളയത്തില്‍ കുട്ടികളുടെ ഉത്തരങ്ങള്‍ മുങ്ങിപ്പോകുകയാണ് പതിവ്. ‘ചോദ്യോത്തര പരിപാടി’യില്‍ സാറിന് ചില നിബന്ധനകളുണ്ട്. ഒന്ന്, ചോദ്യം ചോദിച്ചു കഴിയുന്ന ഉടന്‍ ഉത്തരം തുടങ്ങിയിരിക്കണം. ‘സ്റ്റാര്‍ട്ടിങ് ട്രബ്‌ള്‍’ ഉള്ളവര്‍ക്ക് നോ രക്ഷ. രണ്ട്: പറഞ്ഞു തുടങ്ങിയ ശേഷം ഇടയ്ക്ക് തെറ്റിയെന്നു തോന്നിയാല്‍ തിരുത്താന്‍ ‘നോ ചാന്‍സ്‘. (വാക്കിന് വിലയുണ്ടായിരിക്കണം - മാറ്റിപ്പറയരുത്!) പറഞ്ഞു വന്ന ഉത്തരം തെറ്റിയെന്നു മനസ്സിലായാല്‍ പിന്നെ മൌനമാണ് ഉത്തമം - മാനനഷ്ടത്തിനു പുറമേ ‘ഊര്‍ജ നഷ്ടം‘ കൂടി വരുത്തിവെക്കേണ്ടല്ലോ?

ആദ്യ ചോദ്യത്തിന് ശരിയുത്തരം പറയാനായാല്‍ ‘രക്ഷപ്പെട്ടു’ എന്നു കരുതിയെങ്കില്‍ തെറ്റി. ആദ്യ റൌണ്ടില്‍ ക്ലാസ് മുഴുവന്‍ ‘കവര്‍’ ചെയ്തു കഴിഞ്ഞാല്‍ പിന്നെ ശരിയുത്തരം പറഞ്ഞവരുടെ ‘രണ്ടാമൂഴ’മാണ്. ചോദ്യങ്ങളുടെ ‘പെരുമഴക്കാലം’. പലപ്പോഴും ഒരേ ചോദ്യം തന്നെ തിരിച്ചും മറിച്ചും ആവര്‍ത്തിക്കും - വളച്ചൊടിച്ച്. ഒരേ കാര്യം പല തവണ ആവര്‍ത്തിച്ച് തിരിച്ചും മറിച്ചും ചോദിച്ചു കൊണ്ടിരുന്നാല്‍ ഏത് വമ്പനും ഒരു നിമിഷം ഒന്ന് പതറുമെന്ന ‘പോലീസ് മന:ശാസ്ത്ര’ത്തില്‍ സാറിന് ‘തകര്‍ക്കാന്‍ പറ്റാത്ത വിശ്വാ‍സ’മുണ്ടായിരുന്നെന്ന് തോന്നുന്നു.

(സാറിന്റെ ‘യുദ്ധ തന്ത്ര’ത്തിന്റെ ഏകദേശരൂപം പിടികിട്ടാന്‍ ലളിതമായ ഒരു ‘സാം‌പിള്‍’: ജ്യാമിതിയിലെ ഏറ്റവും പ്രശസ്തമായ സിദ്ധാന്തം - ‘പൈതഗോറസ് തിയറം’ -മട്ടത്രികോണത്തിന്റെ (right-angled triangle) കര്‍ണത്തിന്റെ(hypotenuse)യും മറ്റു വശങ്ങളുടെയും നീളങ്ങള്‍ തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന, മലയാളത്തില്‍ ‘പാദം2 + ലംബം2 = കര്‍ണം2’ അഥവാ a2 + b2 = c2 എന്ന് സമവാക്യ രൂപത്തില്‍ ഏതു കുട്ടിയും ‘മന:പാഠം’ പറയുന്ന സിദ്ധാന്തത്തെക്കുറിച്ചുള്ള ചോദ്യം സാറിന്റെ നാവില്‍ വരുന്നത് ഇങ്ങനെയാവും: ‘ഒരു മട്ട ത്രികോണത്തിന്റെ പാദത്തിന്റെ നീളം ‘a’യും ലംബത്തിന്റേത് ‘b’-യും കര്‍ണത്തിന്റേത് ‘c’യും ആണെങ്കില്‍ (a2 + b2 + c2)/2-ന്റെ വര്‍ഗമൂലം (square root) എന്തായിരിക്കും?‘ a2 + b2 = c2 ആണെന്നും അതുകൊണ്ട് a2 + b2 + c2 = 2c2 => (a2 + b2 + c2)/2 = c2; അതിന്റെ വര്‍ഗമൂലം ‘c’ അഥവാ ‘കര്‍ണം’ ആണെന്നും സെക്കന്‍‌ഡുകള്‍ക്കകം മനക്കണക്ക് കൂട്ടാന്‍ കഴിയാത്തവന്‍ ‘സമ്മാനം’ വാങ്ങാന്‍ എത്രയും വേഗം ഒരുങ്ങുന്നതാവും നല്ലത്. (സാറിന്റെ ‘ശൈലി’ ഇനിയും കൂടുതല്‍ വിശദീകരിക്കേണ്ടല്ലോ?))

അന്നത്തെ ‘യുദ്ധം’ ആദ്യ രണ്ടു റൌണ്ട് എളുപ്പം കഴിഞ്ഞു. കീഴടങ്ങാതെ നില്‍പ്പുള്ളത് ഈയുള്ളവനും പിന്നെ പഠിത്തത്തില്‍ എന്റെ ഏക എതിരാളിയായ രാഹുലും മാത്രം. (സ്കൂള്‍ ജീവിതത്തില്‍ എന്നെ പഠിത്തത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തേക്ക് - താല്‍ക്കാലികമായെങ്കിലും - പിന്‍‌തള്ളാന്‍ കഴിഞ്ഞ നേട്ടം രാഹുലിനു മാത്രം സ്വന്തമാണ്.) സാര്‍ അടുത്ത റൌണ്ടിനുള്ള തയ്യാറെടുപ്പോടെ എന്റെ അടുത്തേക്ക്. ചോദ്യശരവര്‍ഷം ആരംഭിക്കുകയായി. സാറിന്റെ ശൈലി നന്നായി അറിയാവുന്നതു കൊണ്ട് പ്രത്യസ്ത്രങ്ങളുമായി ‘ഏകാഗ്രതയുടെ ആള്‍‌രൂപ’മായി ഞാന്‍. ചോദ്യങ്ങളെ തുടര്‍ച്ചയായി വളച്ചൊടിക്കാനുള്ള ശ്രമത്തില്‍ സാര്‍ പോലും അറിയാതെ ചോദ്യങ്ങളില്‍ തെറ്റുകള്‍ കടന്നുകൂടുന്നത് തിരിച്ചറിയാനായത് ആ ഏകാഗ്രത ഒന്നുകൊണ്ടു മാത്രം. എന്നെ ‘കീഴടക്കാന്‍’ സാര്‍ പെടുന്ന പാടു കണ്ട് എനിക്ക് എന്തോ വിഷമം തോന്നി. ഒന്നുമല്ലെങ്കിലും സാറല്ലേ... ഇങ്ങനെ വല്ലാതെ ‘അദ്ധ്വാനിപ്പിക്കു’ന്നത് ശരിയല്ല’ എന്ന മട്ടില്‍. പിന്നെ അധികം ആലോചിച്ചില്ല, തീരുമാനമെടുക്കാന്‍. കുറേ നേരം അങ്ങനെ ‘ഓടിച്ച’ ശേഷം ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരം തെറ്റിച്ച് തോറ്റുകൊടുക്കുക - കൊച്ചു കുട്ടികളോടൊപ്പം കളിക്കുമ്പോള്‍ അവരുടെ സന്തോഷത്തിനു വേണ്ടി തോറ്റു കൊടുക്കുന്നതു പോലെ.

അധികനേരം കാത്തിരിക്കേണ്ടിവന്നില്ല പറ്റിയ അവസരം വന്നെത്താന്‍. ഇരുപത്തഞ്ചോളം ചോദ്യങ്ങളെ വിജയകരമായി നേരിട്ട ശേഷം ഒരു ‘സിം‌പിള്‍’ ചോദ്യത്തിന് ഉത്തരം മന:പൂര്‍വം തെറ്റിച്ചു - ശ്രദ്ധ പതറിയതു കൊണ്ടെന്നോണം. ‘ഹാവൂ...! രക്ഷപ്പെട്ടു...!’ എന്ന് സാര്‍ ആശ്വസിച്ചിരിക്കാം! അധികം വൈകാതെ രാഹുലും കീഴടങ്ങി. ഇനി കൈകള്‍ക്ക് ‘എക്‍സര്‍സൈസ്’ - സാറിനും കുട്ടികള്‍ക്കും.

ആദ്യ ഊഴം ഒന്നാമത്തെ ബെഞ്ചില്‍ ഇടത്തേയറ്റത്ത് ഇരിക്കുന്ന പ്രശാന്തിന്റേത്. പതിവുപോലെ കൈ നീട്ടിയ പ്രശാന്തിനു നേരെ സാറിന്റെ ‘ഓര്‍ഡര്‍’: ‘രണ്ടു കൈയും...’ ആരൊക്കെയോ ഒന്നു ഞെട്ടിയോ? ഞെട്ടാതിരുന്നവരെ കൂ‍ടി ഞെട്ടിച്ച് സാറിന്റെ ‘പ്രഖ്യാപനം’ പിന്നാലെ എത്തി - ‘ഇന്ന് അടി അഞ്ചെണ്ണമായിരിക്കും’. ‘നീലാകാശത്തു നിന്നൊരു വെള്ളിടി’ പോലെ എത്തിയ പ്രഖ്യാപനം നല്‍കിയ ഞെട്ടലില്‍ നിന്ന് മോചനമേകാനെന്നോണം ഒരു വിശദീകരണം പിന്നാലെ എത്തി. ‘ആദ്യത്തെ രണ്ടടി രണ്ടു കൈയിലുമായി... ടു ഇന്റു ടു - ഫോര്‍. പിന്നെ ഒന്ന് ഒരു കൈയില്‍ മാത്രമായും. അങ്ങനെ അഞ്ച്...’ ഫലത്തില്‍ അടി മൂന്നെണ്ണമേയുള്ളൂ എന്ന് ചുരുക്കം. ‘വിശദീകരണം’ കേട്ടപ്പോള്‍ ചിരിയാണ് വന്നതെങ്കിലും പാടുപെട്ട് അടക്കി. (വിധിച്ചത് മേടിച്ചാല്‍ പോരേ... (അടിയെ) വിളിച്ചു കയറ്റേണ്ടല്ലോ?)

അധികം കാത്തുനില്‍ക്കേണ്ടി വന്നില്ല. സാര്‍ എന്റെ മുന്‍പിലെത്തി. ഒറ്റയ്ക്കല്ല, കൂടെ അവളും ഉണ്ട് - എന്റെ കൂട്ടുകാരി. അവള്‍ എന്നെ നോക്കി ഒന്ന് ‘കണ്ണിറുക്കി’യോ? ‘നിനക്ക് ഇന്ന് നല്ല ‘സമ്മാനം’ വെച്ചിട്ടുണ്ട് സാര്‍...’ പ്രണയത്തിന്റെ ‘മൌനഭാഷ’ നല്ല വശമായിരുന്നല്ലോ എനിക്ക്. ‘സാരമില്ല. എന്നാലും ഞാനേ ജയിക്കൂ... നീ നോക്കിക്കോ...’

കൈ നീട്ടും മുന്‍പ് സാറിന്റെ ചോദ്യം എത്തി: ‘വിജിത്ത്, നീയല്ലേ ഇപ്പോള്‍ ക്ലാസ്സില്‍ ഫസ്റ്റ്?’ ‘അതെ സര്‍’ ‘അതായത് നീ ക്ലാസ്സിലെ മറ്റു കുട്ടികള്‍ക്ക് മാതൃകയാകേണ്ടവനാണ്. അപ്പോള്‍ നിനക്കു തരുന്ന ശിക്ഷയും മാതൃകാപരമാകണം. അതു കൊണ്ട്...’ ഒരു നിമിഷം നിര്‍ത്തി സാര്‍ തുടര്‍ന്നു: ‘നിനക്ക് അടി അഞ്ചല്ല, ആറെണ്ണമായിരിക്കും. എന്താ?’ നേരത്തേ മനസ്സില്‍ അടക്കിപ്പിടിച്ചിരുന്ന ചോദ്യം അടക്കി നിര്‍ത്താനായില്ല സാറിന്റെ ‘കുസൃതിച്ചോദ്യം’ കേട്ടപ്പോള്‍. ‘സര്‍, രണ്ടടി രണ്ടു കൈയിലുമായിട്ടാകുമ്പോള്‍ ‘ടു ഇന്റു ടു - ഫോര്‍‘ എന്നതിനെക്കാള്‍ ’ടു ബൈ ടു ഈക്വല്‍ ടു വണ്‍‘ എന്നല്ലേ കൂടുതല്‍ ശരിയാകുക?’ ‘വിനീതവിധേയ ശിഷ്യന്റെ’ ചോദ്യം സാറിനെ ഒരു നിമിഷം അമ്പരപ്പിച്ചിരിക്കുമെന്ന് ഉറപ്പ്. ‘വൈഡ്’ എന്നു കരുതിയ പന്തില്‍ ‘ക്ലീന്‍ ബൌള്‍ഡ്’ ആയ ബാറ്റ്‌സ്‌മാനെപ്പോലെ ഒരു നിമിഷം നിന്ന സാര്‍ പെട്ടെന്നു തന്നെ ‘സമനില’ വീണ്ടെടുത്തു. ‘ആ കണക്ക് ഏതായാലും തല്‍ക്കാലം വേണ്ട. എന്റെ കണക്കു മതി. ങും...’ ബാക്കി പറഞ്ഞില്ലെങ്കിലും ആ മൂളലിന്റെ അര്‍ഥം മനസ്സിലാക്കാന്‍ ഗണിച്ചുനോക്കേണ്ട കാര്യമൊന്നുമില്ലായിരുന്നു. ഇരു കൈകളും മുഴുനീളത്തില്‍ മുന്നോട്ടു നീട്ടിപ്പിടിച്ചു - അല്പം വലത്തോട്ട് തിരിഞ്ഞ്, ക്ലാസ്സിലെ കുട്ടികള്‍ക്കു മുഴുവന്‍ കാണാനാവും വിധം. രണ്ടര മാസം കൊണ്ട് എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയായി മാറിക്കഴിഞ്ഞിരുന്ന ആ ‘സുന്ദരിക്കുട്ടി’യുടെ മുന്‍പില്‍ കൈകള്‍ നീട്ടിക്കൊടുക്കാന്‍ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.

നീട്ടിപ്പിടിച്ച കൈവെള്ളകളില്‍ അവളുടെ ആദ്യ ‘ചുംബനം‘. നേരിയ വേദന മാത്രം. പിന്നാലെ രണ്ടെണ്ണം കൂടി. ‘എണ്ണം തികഞ്ഞ’ സ്ഥിതിക്ക് കൈ പിന്‍‌വലിക്കാമായിരുന്നെങ്കിലും സാറിന്റെ ‘മനസ്സു വായിച്ചി’ട്ടെന്ന പോലെ ഞാന്‍ അതേപടി തന്നെ നിന്നു. വീണ്ടും രണ്ടു തവണ കൂടി. ‘ങും...’ സാറിന്റെ അടുത്ത മൂളല്‍ എന്റെ തലച്ചോറിലെ ‘ബഹുഭാഷാ വിദഗ്ദ്ധന്‍’ പരിഭാഷപ്പെടുത്തി: ‘ഇപ്പോഴത്തേക്ക് ഇതു മതി.. ഇരുന്നോളൂ...’ കൈകള്‍ പിന്‍‌വലിച്ച് ബെഞ്ചില്‍ ഇരുന്നപ്പോള്‍ വലതു കൈവെള്ളയില്‍ ചോര പൊടിഞ്ഞിരുന്നത് ആരുമറിഞ്ഞില്ല - അറിയിച്ചില്ല എന്നു പറയുന്നതാകും കൂടുതല്‍ ശരി.

ഇനി അടുത്തയാളിന്റെ ഊഴം. സാറിന്റെ കൈവിരലുകളില്‍ തൂങ്ങി നിഷ്കളങ്കയായ ഒരു കൊച്ചു കുട്ടിയെപ്പോലെ അവള്‍ അടുത്ത കൂട്ടുകാരന്റെ അടുത്തേക്കു നീങ്ങുന്നതു നോക്കി ഇരുന്നപ്പോള്‍ എന്തായിരുന്നു മനസ്സില്‍...? അന്നോളം നല്‍കിയതില്‍ വെച്ച് ഏറ്റവും ‘ആസ്വാദ്യ’വും ‘ഹൃദ്യവുമായ’  പ്രണയചുംബനങ്ങള്‍ സമ്മാനിച്ച കൂട്ടുകാരിയോടുള്ള അനവദ്യ പ്രണത്തിന്റെ ആര്‍ദ്രതയോ? അതോ അവള്‍ സമ്മാനിച്ച ചുംബനങ്ങള്‍ സഹര്‍ഷം ഏറ്റുവാങ്ങാനായതിന്റെ നിര്‍വൃതിയോ? അതോ ഏറെ പണിപ്പെട്ട് ധൈര്യം സംഭരിച്ച് അവതരിപ്പിച്ച ‘ടു ബൈ ടു തിയറം’ സാര്‍ ‘അംഗീകരിക്കാതിരുന്ന’തിന്റെ ‘നിരാശ’യോ? ഏതായാലും ചോര പൊടിയുന്ന കൈവെള്ളയില്‍ തെളിഞ്ഞുകിടന്ന ചൂരല്‍‌പ്പാടുകള്‍ നല്‍കിയ നീറ്റലിന്റെ ‘സുഖം’ നുകരാന്‍ ഉച്ചയ്ക്ക് ഊണു കഴിക്കുവോളം കാത്തിരിക്കേണ്ടിവന്നു എന്ന ‘വിഷമം’ മാത്രം ബാക്കിയായി...!!

*******

‘അടി’ക്കുറിപ്പ്: ഈ കഥയിലെ ചെറിയ ഒരു ഭാഗം ഒഴികെ ഒന്നും സാങ്കല്പികമോ ഭാവനാസൃഷ്ടമോ അല്ല. കഥാകൃത്തിന്റെ വിദ്യാഭ്യാസ ജീവിതത്തില്‍ നിന്നുള്ള ഒരു സംഭവത്തെ അല്പം ഭാവന കൂടി ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുന്നു എന്നു മാത്രം. ഈ കഥയിലെ എല്ലാ കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരോ ജീവിച്ചിരുന്നവരോ ആണ്. ആകയാല്‍ അവരില്‍ ആരെങ്കിലും ഇത് വായിക്കുന്ന പക്ഷം കഥാ‍കൃത്തിന്റെ കഴുത്തിനു പിടിക്കാന്‍ വരരുത് എന്ന് അഭ്യര്‍ഥിച്ചുകൊള്ളുന്നു.

(ഈ 'പ്രണയ കഥ'യെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് ഇവിടെ വരാം.)

45 comments:

വിജി പിണറായി said...

... നിഷ്കളങ്കയായ ഒരു കൊച്ചു കുട്ടിയെപ്പോലെ അവള്‍ അടുത്ത കൂട്ടുകാരന്റെ അടുത്തേക്കു നീങ്ങുന്നതു നോക്കി ഇരുന്നപ്പോള്‍ എന്തായിരുന്നു മനസ്സില്‍...? അന്നോളം നല്‍കിയതില്‍ വെച്ച് ഏറ്റവും ‘ആസ്വാദ്യ’വും ‘ഹൃദ്യവുമായ’ പ്രണയചുംബനങ്ങള്‍ സമ്മാനിച്ച കൂട്ടുകാരിയോടുള്ള അനവദ്യ പ്രണത്തിന്റെ ആര്‍ദ്രതയോ? അതോ അവള്‍ സമ്മാനിച്ച ചുംബനങ്ങള്‍ സഹര്‍ഷം ഏറ്റുവാങ്ങാനായതിന്റെ നിര്‍വൃതിയോ? അതോ ഏറെ പണിപ്പെട്ട് ധൈര്യം സംഭരിച്ച് അവതരിപ്പിച്ച ‘ടു ബൈ ടു തിയറം’ സാര്‍ ‘അംഗീകരിക്കാതിരുന്ന’തിന്റെ ‘നിരാശ’യോ? ഏതായാലും ചോര പൊടിയുന്ന കൈവെള്ളയില്‍ തെളിഞ്ഞുകിടന്ന ചൂരല്‍‌പ്പാടുകള്‍ നല്‍കിയ നീറ്റലിന്റെ ‘സുഖം’ നുകരാന്‍ ഉച്ചയ്ക്ക് ഊണു കഴിക്കുവോളം കാത്തിരിക്കേണ്ടിവന്നു എന്ന ‘വിഷമം’ മാത്രം ബാക്കിയായി...!!

sreekutty said...

ഈ ബ്ലോഗ്‌ കണ്ടപ്പോള്‍ തന്നെ വായിക്കണമെന്ന് തോന്നി വായിച്ചു കഴിഞ്ഞപ്പോള്‍ ...ഒത്തിരി ഒത്തിരി ഇഷട്ടമായി ... എനിക്കും ഇത് പോലെ എഴുതാന്‍ കഴിഞ്ഞിരുന്നെകില്‍ എന്ന് തോന്നിപോയി ... അത്രയ്ക്ക് നന്നായിട്ടുണ്ട്

Unknown said...

കഥ വായിച്ചു. ഇഷ്ടപ്പെട്ടു, എന്നാലും കഥയുടെ അവസാനം ഇതൊരു സാങ്കല്‍പിക കഥയാണെന്ന് പറയാമായിരുന്നു. നിന്നെയറിയുന്ന, ബെന്നി മാഷെയറിയുന്ന, രാഹുലിനേയറിയുന്ന നിന്റെ സഹപാഠിക്ക് അതറിയാം

വിജി പിണറായി said...

സാങ്കല്പികതയുടെ അംശം നന്നേ കുറവായതു കൊണ്ടും ഏറെയും സത്യമായതു കൊണ്ടുമാണ് ‘സാങ്കല്പികം’ എന്നു പറയാതിരുന്നത്. (‘സാങ്കല്പികം’ എന്ന് പറഞ്ഞിരുന്നെങ്കില്‍ മുഴുവനായും imagination മാത്രമെന്ന് തോന്നുമല്ലോ?)

Unknown said...

അതു സത്യം...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ശിഷ്യന്‍ കൊള്ളാം..അടിക്കാന്‍ വന്ന മാഷിനേയും ഇരുത്തിക്കളയുന്ന തന്ത്രം...

പ്രണയകഥയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

ആശംസകള്‍!

swaram said...

blog ezhuthokke nirthi...adangi othungi irikkunna enne veendum ezhuthichee adangoo enna vaasiyilaano viji kuttaa...enthaayaalum chora podinja aa kaiyil. ucha nerathe break il kittiya muthangalude kanakku maathram evidem kandilla:)...

da. assalaayi ormakuripp..
aaa kootukaariye evidelum kandu muttiyo pinne..
personal aayittu paranjaal mathi :)

swaram said...

ഇനി മേലാല്‍ ഇമ്മാതിരി തലതിരിഞ്ഞ “സംഭവങ്ങള്‍” എഴുതി വെറുതെ കൊതിപ്പിച്ച്. പിന്നെ ഇത്തിരി നേരം കഴിഞ്ഞ് മൂഡോഫ് ആക്കിക്കരുത്!

“ആക്ഷേപകരമായ പരാമര്‍ശങ്ങള്‍“ നേരിട്ട് കാണുമ്പോള്‍ തരാം...വാങ്ങിക്കാന്‍ മറക്കരുത്

Ajitha k Menon said...

"ആദ്യ പ്രണയം..."

വായിച്ച് തുടങ്ങിയപ്പൊള്‍ ആദ്യം വിചാ‍രിച്ചത് ഒരു 'broken love story' ആണെന്നാണ്. പിന്നെയാണ് മനസ്സിലായത് ആ ‘കൊച്ചു സുന്ദരിക്കുട്ടി‘ അത്ര നിസ്സാരക്കാരിയല്ല,അത്ര എളുപ്പം ആര്‍ക്കും അവളുമായി അടുക്കാ‍നും തോന്നില്ല എന്നും. മറ്റുളവര്‍ക്ക് തോന്നാത്ത ആ ‘വികാരം’ ഒരു ‘പ്രണയം’ ആണെന്നുതിരിച്ചറിഞ്ഞ വിജിച്ചേട്ടന്‍ , ഒരിക്കലും മറക്കാത്ത ആ ഓര്‍മകളുമായ് ജീവിക്കുംമ്പോള്‍, ഒപ്പം ആ പഴയ കൂട്ടുകാരിയും മറക്കില്ല ആ...

"ആദ്യ പ്രണയം..."



it is very beautiful......

Unknown said...

വിജിചെട്ടാ
ആദ്യപ്രണയം അടിപൊളിയായിട്ടുണ്ട് ...വയലിന്‍ കമ്പികളില്‍ നിന്നും ഗാനം ഉണ്ടാകുന്നതു അയാള്‍ക്ക്‌ അതിനോടുള്ള പ്രണയം കൊണ്ടാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ....അതുപോലെ വിജിചെട്ടന്റെ "നീണ്ടു മെലിഞ്ഞ സുന്ദരിയോടുള്ള" പ്രണയം മൂലം ഉണ്ടായതു നല്ല സുന്ദരമായ തല്ലുകള്‍ ആണെന്ന് പറയാം അല്ലെ ...എന്തായാലും ഒരു കാര്ര്യം മനസ്സില്‍ ആയല്ലോ .....പ്രണയത്തിന്റെ അവസാനം എന്നത് വെറും വിഷമവും കാത്തിരിപ്പും ആണെന്ന് ....

വിജി പിണറായി said...

ശ്രീക്കുട്ടി, അശ്വിനി, സുനിലേട്ടാ, അനുക്കുട്ടി (അജിത), അജി... സന്ദര്‍ശനത്തിനും കമന്റുകള്‍ക്കും നന്ദി.

‘സ്വര’ത്തിന്റെ ‘ഭീഷണി’ കണക്കിലെടുത്ത് നന്ദി ഇല്ല. :) ‘ആക്ഷേപകരമായ പരാമര്‍ശങ്ങ’ളും കൊണ്ട് നേരിട്ട് വ്അരുമ്പോള്‍ കണ്ട് വാങ്ങിച്ചോളാം. ;)

Calvin H said...

വിജീ, കഥ മിന്നല്‍പ്പിണറായി :)

ജെ പി വെട്ടിയാട്ടില്‍ said...

കഥ ഇഷ്ടപ്പെട്ടു. നനായിട്ടുണ്ട്.
വിജി എന്ന് കേട്ടപ്പോള്‍ ഞാന്‍ പെണ്‍കുട്ടിയാണെന്നാ ധരിച്ചത്. എന്റെ മച്ചുണിയുടെ മകള്‍ ഈ നാമധേയത്തില്‍ നാട്ടിലുണ്ട്.
തൃശ്ശൂര്‍ പൂരം ഏപ്രില്‍ 25 ന്. എല്ലാ ബ്ലോഗര്‍മാര്‍ക്കും സ്വാഗതം.
ente veedu poorapparambinte aduthaanu. varumpOl vilikkumallO

Suresh Kumar E Karichery said...

ഡാ കള്ളകാമുകാ....ഏതായാലും ചൂരല്‍ കാമുകി കൊള്ളാം! ഇത് പോലൊരു കാമുകി ഉണ്ടായിരുന്നെങ്കില്‍ ഞാനൊക്കെ എന്നെ നന്നായേനെ..! വിജിയേട്ടാ എഴുത്ത് കൊള്ളാട്ടോ...!

സുമേഷ് | Sumesh Menon said...

ജീനിയസ്‌ കാമുകന്‍ ആളു കൊള്ളാലോ...

നല്ല രസമുണ്ടായിരുന്നു വായിക്കാന്‍..

ആശംസകള്‍..

വിജി പിണറായി said...

കാല്‍‌വിന്‍ ചേട്ടാ... കഥയല്ല, സാറിന്റെ ചൂരലാ ‘മിന്നല്‍പ്പിണര്‍’ ആയത്...

ജെപി ചേട്ടാ.. ചേട്ടന്റെ കമന്റ് രണ്ടു തവണ വന്നല്ലോ.. ഒരെണ്ണം ഞാനങ്ങ് ഡിലീറ്റി. :)

ഡാ... സുരേഷേ... നിന്നെയൊക്കെ നന്നാക്കാന്‍ ‘സ്ലിം ബ്യൂട്ടി’കളൊന്നും പോരാ, നല്ല തടിമിടുക്കുള്ള ‘ഉലക്ക കാമുകി’മാര്‍ തന്നെ വേണം! ഒരെണ്ണം അയച്ചുതരട്ടെ?

സുമേഷ്, കാമുകന്‍ ‘ജീനിയസ്’ ഒന്നും ആയിരുന്നില്ല. ഒരു വെറും ‘സാദാ’ കാമുകന്‍.

സന്ദര്‍ശനത്തിനും കമന്റുകള്‍ക്കും നന്ദി.

Retheesh said...

ആദ്യ പ്രണയം..അതുപോലെ ആദ്യ ബ്ലോഗെഴുത്തും...രണ്ടും പൂത്തു തളിര്‍ക്കട്ടെ...ആ പെണ്‍കുട്ടിയോടു തോന്നിയ പ്രണയം എഴുത്തിലേക്കു കൂടി പടരട്ടെ...ആശംസകള്‍

Sinoj Nair said...

കഥ വായിച്ചു. സാങ്കല്പികതയ്ക്ക് ഒരു പുതിയ മാനം എന്ന് തന്നെ വേണമെങ്കില്‍ ഇതിനെ കുറിച്ച് പറയാം. ചൂരല്‍ വടിയെ ഒരു കൊച്ചു സുന്ദരി ആക്കി മാറ്റിയ കവി ഭാവനയ്ക്ക് എന്റെ പ്രണാമം. വേണമെങ്കില്‍ ഇതിന്റെ ഒരു കോപ്പി എടുത്തു എല്ലാ സ്കൂളുകളിലേക്കും അയച്ചു കൊടുക്കാം. പിള്ളേരുടെ ചൂരല്‍ പേടി അതോടെ അവസാനിക്കും.
എല്ലാവര്ക്കും ഏറ്റവും പെടിയയിരുന്ന 9th F ലെ ഇംഗ്ലീഷ് പീരീഡ്‌കലെ ഒത്തിരി പ്രണയിച്ച കൂട്ടുകാരാ..........., Vinsent മാഷിന്റെ കൂടെ വന്ന ആ 'കൊച്ചു സുന്ദരി' യെ ചുംബിക്കാന്‍ വേണ്ടി നീ പറഞ്ഞ കള്ളം ഇപ്പോഴും ഓര്‍മയുണ്ടാകുമെന്നു വിചാരിക്കുന്നു. ‍

Unknown said...

സഖാവേ.... നിങ്ങള്‍ക്കവള്‍ കാമുകിയായിരുന്നെങ്കില്‍ എനിക്ക് കാമുകനായിരുന്നു... പക്ഷേ ഞാനൊരു നല്ല കുട്ടി ആയതുകൊണ്ട് ചുംബിക്കാനുള്ള് അവസരമൊന്നും ഉണ്ടാക്കിയില്ല... അവസരം മുതലാക്കി എന്റെ അടുത്ത് വന്നാല്‍ ഞാനവനെ കള്ളച്ചിരി ചിരിച്ച് കണ്ണിറുക്കി കാട്ടുമായിരുന്നു... അതുകൊണ്ടെന്താ ഞാനിപ്പോ അടുക്കളയിലെ റാണി ആയി വിലസുന്നു....;)

vijay said...

adya pranayam enna title kettappol thanne njanum ente manssum aa cheruppakalthekku poyirunnu...pinne
vayichappol valare santhosham thonni...and its a very nice story.

enthayalum viji ninte adypranayam thonniya yuvathi enthayalum kollam...

eniyum kadha ezhuthi konde erikkuka...(ninte jolikku sesham mathram)

Unknown said...

ആഴ്ചയില്‍ ഒന്നു രണ്ടു തവണയെങ്കിലും ആ സ്നേഹചുംബനങ്ങള്‍ ഏറ്റുവാങ്ങാതെ ‘ഉറക്കം വരില്ലെ’ന്ന അവസ്ഥ. എന്റെ ‘ദൌര്‍ബല്യം’ തിരിച്ചറിഞ്ഞിട്ടോ എന്തോ, അവള്‍ സന്തോഷപൂര്‍വം സഹകരിക്കുന്നതും പതിവായി............................

എട്ടാം ക്ലാസിലല്ലേ ആയുള്ളൂ വിജിയെട്ടാ അപ്പോള്‍?? കൊള്ളം.. :)

(എഴുത്ത് സുഖായി, ഒരല്പം ആത്മഹത്യാ ശ്രമം ഉണ്ടായിരുന്നോ എന്ന് തോന്നി... അത്ര മാത്രം.. )

Unknown said...

ഓഫ്‌...

എല്ലാരും എന്നോട് ഒന്ന് ക്ഷെമിച്ചേ.....

ഈ കഥയിലെ നായകന് സൌന്ദര്യം ഇല്ലാത്തതു കൊണ്ടും
ആറാം ക്ലാസ് മുതല്‍ കൈവെള്ളയില്‍ ഫ്രഞ്ച് കിസ്സ്‌ വാങ്ങി ശീലിച്ച എന്റെ സ്വഭാവവും തൊഴിലുമാണ് ഏല്ലാവര്‍ക്കും എന്ന് കരുതിയത്‌ കൊണ്ടും
വിജിയെട്ടന്റെ ചരിത്രത്തെ (ചാരിത്രത്തെയും) തെറ്റിദ്ധരിച്ചതില്‍ എല്ലാ മാന്യ വായനക്കാരോടും ഇതിനാല്‍ ക്ഷമ ചോദിച്ചു കൊള്ളുന്നു...

വിജി പിണറായി said...

രതീഷ്, സിനോജ്, സഖാവ് ലാലിച്ചേച്ചി, വിജയ്, മുരു... സന്ദര്‍ശനത്തിനും കമന്റുകള്‍ക്കും നന്ദി.

രതീഷ്, എഴുത്തിനോട് പണ്ടേ ‘പ്രണയ’ത്തിലായിരുന്നു ഞാന്‍ - അതേ എട്ടാം ക്ലാസ് മുതല്‍ തന്നെ!

സിനോജ്, ഓര്‍മകളുടെ കാര്യത്തില്‍ ഞാന്‍ ഒട്ടും മോശമല്ലെന്ന് അറിയാമല്ലോ അല്ലേ? ഇവിടെ പറഞ്ഞ നവംബര്‍ ഒന്നും ജനുവരി 15-ഉം മാത്രമല്ല, ആ ഫെബ്രുവരി 12-ഉം അങ്ങനെ മറക്കാന്‍ പറ്റില്ലല്ലോ!

ലാലിച്ചെച്ചീ.. പാവം ‘കാമുക’നെ നിരാശനാക്കി അല്ലേ? ;)

വിജയാ.. കഥ ‘എഴുതിക്കൊണ്ടേ ഇരിക്കാന്‍’ താല്പര്യമുണ്ടെങ്കിലും കമ്പനി സമ്മതിക്കുന്നില്ല!

മുരളികേ... എട്ടാം ക്ലാസ്സിലെ ‘കാമുകി’യുടെ ‘സ്നേഹചുംബനം’ മനസ്സിലായില്ല അല്ലേ? ;)

Jashith said...

nannayi

Unknown said...

hai viji,
very nice story. in the beginning I thought it was a real love story. very beautiful imagination. keep writing. wish you all the best.
regards,
preethy manoj

Anonymous said...

edmaachinte pranaya kadhayile nayikaye enikk pediyaaneyyyyy.....
am proud of u dear chettanze...u'v done it very well...

Unknown said...

Engineya da ingine ezhuthunne..!! nice..!

Ismu

നിരക്ഷരൻ said...

‘പാദം2 + ലംബം2 = കര്‍ണം2’ അഥവാ a2 + b2 = c2

വായനക്കിടയില്‍ എപ്പോഴോ മാക്‍സ് ബ്ലോഗിലാണോ നില്‍ക്കുന്നതെന്ന് ഒരു ചിന്ന സംശയം വന്നതുകൊണ്ട് പ്രൊഫൈലില്‍ പോയി ഉന്നൂടെ നോക്കി :)

വിജി പിണറായി said...

പ്രീതിച്ചേച്ചീ... മഞ്ചാടീ... Ismukkaa... നീരുവണ്ണോ... സന്ദര്‍ശനത്തിനും കമന്റുകള്‍ക്കും നന്ദി!

Unknown said...

ഈ സുന്ദരിക്കുട്ടി ഒരു ചൂരല്‍ ആയിരുന്നുല്ലേ........? അന്നും ഇന്നും ഇനി എന്നും പ്രണയം ഒരു ചൂരലിനോടായിരിക്കൂല്ലോ ........!!!

...: അപ്പുക്കിളി :... said...

വായിച്ച് തുടങ്ങി പകുതി ആയപ്പോഴേക്കും ഉള്ള മനസമാധാനം പോയി.. വാസുദേവന്‍ മാഷ്‌ വിചാരിച്ചിട്ട് നടക്കാത്ത കാര്യം... എന്റെ കണക്ക്... കഥ ഇഷ്ടമായെങ്കിലും ഒരു ഞാനൊരു മാന്യനും മിടുക്കനുമാനെന്നു കാണിച്ചു തരാന്‍ കൂടുതല്‍ ബുദ്ധിമുട്ടിയോന്നു ഒരു ചെറിയ സംശയം... :)

...: അപ്പുക്കിളി :... said...

ഒരു 'ഒരു' കൂടുതലാ... ക്ഷമിച്ചേക്ക്...

വിജി പിണറായി said...

‘ഞാനൊരു മാന്യനും മിടുക്കനുമാനെന്നു കാണിച്ചു തരാന്‍ കൂടുതല്‍ ബുദ്ധിമുട്ടിയോന്നു ഒരു ചെറിയ സംശയം...’

കിളിയണ്ണോ...! ശരിയാ... സാമാന്യം ‘മിടുക്കന്‍’ ആയിരുന്നു. പക്ഷേ അത് കാണിച്ചു തരാനായിരുന്നെങ്കില്‍ ‘സ്ഥിരം തല്ലുകൊള്ളി’യായിരുന്നെന്ന് സൂചിപ്പിക്കുമായിരുന്നില്ല. പിന്നെ ‘മാന്യന്‍’ ആണോ (ആയിരുന്നോ) എന്ന് ഞാന്‍ തന്നെ പറയുന്നത് ശരിയാവില്ലല്ലോ!

Sajin said...

ഗോതമ്പിന്റെ നിറമുള്ള കൊച്ചു സുന്ദരി.. സ്ലിം ബ്യുട്ടി.. കൊള്ളാം.. ഒരാളും കൂടുതല്‍ അടുക്കാന്‍ ഇഷ്ടപ്പെടാത്ത ആ കൊച്ചു സുന്ദരിയൊടുള്ള പ്രണയം വളരെ നന്നായിട്ടുണ്ട്..

lijeesh k said...

കഥ ആസ്വദിച്ചു..
ആശംസകള്‍..

Absar Mohamed said...

:)

കൂതറHashimܓ said...

നല്ല ഒരു പ്രണയ കഥ, തുടക്കം നല്ല വായനാ സുഖം.. വായിച്ച് വന്ന് കണക്കിലെ സ്കൊയറുകളില്‍ എത്തി അതില്‍ തട്ടിമുട്ടി നിന്നപ്പോ പണ്ട് കണക്കിനോട് തോന്നിയ അതേ ദേശ്യം..!!
( പോസ്റ്റ് ഇത്തിരി ഇഷ്ട്ടായി.
ആ കൊച്ചിനെ ഒത്തിരി ഇഷ്ട്ടായി :) )

വിജി പിണറായി said...

'ആ കൊച്ചിനെ ഒത്തിരി ഇഷ്ട്ടായി'

ആഹാ...! അതെയോ? ആ കൊച്ചിന്റെ വക രണ്ട് ‘കിസ്’ കിട്ടിയിരുന്നെങ്കില് എന്ന് തോന്നുന്നുണ്ടോ ഹാഷിം?

Absar എന്താ ചുമ്മാ ഒന്നു ചിരിച്ചിട്ട് സ്ഥലം വിട്ടത്?

Arun Kappur said...

ഇപ്പോഴാണ്‌ ഈ പോസ്റ്റുകള്‍ കണ്ടത്... അബ്സരുടെ പോസ്റ്റില്‍ തിരുത്തിനൊരു തിരുത്ത്‌ കൊടുത്ത താങ്കള്‍ ഒരു കുരുത്തം കെട്ടവനാണെന്ന് കരുതിയാണ് വന്നത്. പ്രതീക്ഷ പാടെ തെറ്റി!! അങ്ങനെയൊരു കാമുകി ഇല്ലാത്തതിന്റെ കുഴപ്പമാണ് ഇവിടെ പലര്‍ക്കും... എനിക്ക് ഈ കാമുകിയുടെ ചുംബനം അധികം അനുഭവിക്കേണ്ടി വന്നത് വീട്ടില്‍ ആണെന്ന് മാത്രം... ഇപ്പോള്‍ ഈ കാമുകിക്ക് സ്കൂളുകളില്‍ പ്രവേശനമില്ല എന്നാണെന്റെ അറിവ്. ആ പ്രണയം അനുഭവിക്കാത്ത ഭാവി തലമുറ എന്താവുമോ എന്തോ!!

വിജി പിണറായി said...

Arun,

'...താങ്കള്‍ ഒരു കുരുത്തം കെട്ടവനാണെന്ന് കരുതിയാണ് വന്നത്...'

‘കുരുത്തം കെട്ടവന്‍’ ആണോ എന്ന് അറിയില്ല. സാമാന്യം നല്ല തോതില്‍ കുരുത്തക്കേടുകള് ഒപ്പിച്ചിരുന്നവനാണ്. :)

ബെന്നി മാഷിന്റെ ‘പെറ്റ്’ ആയിരുന്ന ആ ‘കൊച്ചു്സുന്ദരി’യെപ്പോലെ മറ്റൊരു ‘സ്ലിം ബ്യൂട്ടി’ എന്റെ വീട്ടിലും ഉണ്ടായിരുന്നു കേട്ടോ... ‘ചുംബനങ്ങള്‍’ ഇഷ്ടം പോലെ കിട്ടിയിട്ടുമുണ്ട്...! അതൊക്കെ പറയാനാണെങ്കില്‍ ശിഷ്ടകാലം മുഴുവന്‍ ഇവിടെ പോസ്റ്റുകള് ഇടാനുള്ള സ്കോപ്പുണ്ട്. പക്ഷേ വേണ്ട!

അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി.

mini//മിനി said...

സംഭവം നന്നായി, പിന്നെ ഈ ബ്ലോഗിനെന്താ ഫോളോവർ ഗാഡ്ജറ്റ് ഇല്ലാത്തത്?

വിജി പിണറായി said...

അഭിപ്രായത്തിനു നന്ദി. സംഭവങ്ങളുടെ വിശദാംശങ്ങള്‍ (എന്റെ സൈറ്റിലുള്ളത്) വായിച്ചിരുന്നോ മിനി ടീച്ചര്‍?

follower gadget-ന്റെ കാര്യം മെയിലില്‍ പറഞ്ഞിട്ടുണ്ട്.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

നന്നായി എഴുതുന്നുണ്ട് ,,ആശംസകള്‍

സിയാഫ് അബ്ദുള്‍ഖാദര്‍ said...

നന്നായി എഴുതുന്നുണ്ട് ,,ആശംസകള്‍

സുധി അറയ്ക്കൽ said...

അടിപൊളി പ്രണയം.ചിരി വന്നു.അസൂയ തോന്നിപ്പോയി.